ഓണ്‍ലൈന്‍ മദ്യവിതരണത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് മന്ത്രി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവിതരണം ആലോചനയില്‍ പോലുമില്ലെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്‍. മദ്യവില്‍പ്പനശാലകള്‍ക്ക് മുന്‍പിലെ ആള്‍ത്തിരക്കിനെതിരെ കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. കേസ് പരിഗണിക്കവെ സംസ്ഥാന സര്‍ക്കാരിനെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.കോവിഡ് വ്യാപനത്തിന്റെ ഭീതി നിലനില്‍ക്കുമ്പോഴും നിരവധിയാളുകളാണ് മദ്യവില്‍പ്പന ശാലകളിലേയ്ക്ക് എത്തുന്നത്. മിക്കയിടങ്ങളിലും വലിയ ജനക്കൂട്ടവും ഗതാഗതക്കുരുക്കും രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. തിരക്ക് കുറയ്ക്കുന്നതിന് നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.