പട്ടികജാതിക്കാർ സംഘടിച്ച് ശക്തർ ആവുന്നതിന് സംസ്ഥാന കോൺഗ്രസിലെ ചിലർക്ക് എതിർപ്പുണ്ട്; വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി സംസ്ഥാന വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം പി. പട്ടികജാതിക്കാർ സംഘടിച്ച് ശക്തർ ആവുന്നതിന് സംസ്ഥാന കോൺഗ്രസിലെ ചിലർക്ക് എതിർപ്പുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പട്ടികജാതിക്കാരെ പൂർണമായി ഒഴിവാക്കി പോകുന്നത് കേൺഗ്രസിന് ഗുണം ചെയ്യില്ലെന്നും കൊടിക്കുന്നിൽ സുരേഷ് അഭിപ്രായപ്പെട്ടു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണ സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിക്കുന്നില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആരെയെങ്കിലും പിടിച്ച് മത്സരിപ്പിക്കുന്നത് കൊണ്ടാണ് പാർട്ടിയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംവരണ വിഭാഗാംഗം ആണെന്നത് ഉപയോഗപ്പെടുത്തിയാണ് കൊടിക്കുന്നിൽ പാർട്ടിയിൽ വളർച്ച നേടുന്നത് എന്ന വിമർശകരുടെ വാദത്തിനും അദ്ദേഹം മറുപടി നൽകി. താൻ എവിടുന്നെങ്കിലും പൊട്ടിവീണ നേതാവല്ലെന്നും ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യമായി ചെയ്തത് കൊണ്ടാണ് സ്ഥാനങ്ങൾ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ത്യാഗപൂർണ്ണമായ പ്രവർത്തനത്തിലൂടെ പടിപടിയായാണ് താൻ ഉയർന്നത്. ചാനൽ ചർച്ച ചെയ്യുന്നവർക്ക് ഇതൊന്നും അറിയില്ല. താൻ പദവികൾ എല്ലാം പിടിച്ചു വാങ്ങിയതാണെന്നാണ് ചിലർ പറയുന്നത്. എം പി ആയിരിക്കുമ്പോഴും സ്വന്തം ബൂത്തിലെ പ്രവർത്തനങ്ങളിൽ ഇപ്പോഴും ഇടപെടുന്ന വ്യക്തിയാണ് താൻ. പോസ്റ്റിൽ കയറാനും പോസ്റ്ററൊട്ടിക്കാനും താനിപ്പോഴും സജീവമാണെന്നും അദ്ദേഹം പറയുന്നു.

കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള സാധ്യത ചർച്ചകളിൽ കൊടിക്കുന്നിൽ സുരേഷിന്റെ പേര് പരിഗണിച്ചിരുന്നു. തുടർന്ന് കോൺഗ്രസിലെ ഒരു വിഭാഗം കൊടിക്കുന്നിൽ സുരേഷിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. കെ സുധാകരൻ അനുകൂലികളായിരുന്നു അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തിയത്.