തിരുവനന്തപുരം: എം.ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അടുത്ത വെള്ളിയാഴ്ച അവസാനിക്കുമ്പോള്‍ നിര്‍ണായകമായി സര്‍ക്കാര്‍ തീരുമാനം. സ്വര്‍ണക്കടത്ത് കേസോടെയാണ് മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥന്‍ പ്രതിസ്ഥാനത്തായത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ശിവശങ്കര്‍ ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെ കഴിഞ്ഞ ജൂലൈ 16ന് സസ്‌പെന്‍ഷനിലായി. ഓക്ടോബര്‍ 28-നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ നിന്ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്.
ഗൂഢാലോചനക്കുറ്റമാണ് ശിവശങ്കറിനെതിരെ കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചുമത്തിയത്. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ പണം ലൈഫ് മിഷനില്‍ ശിവശങ്കറിന് കിട്ടിയ കമ്മീഷനെന്നാണ് ഇഡി പറയുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ ആരോപണത്തില്‍ വിജിലന്‍സ് കേസില്‍ പ്രതി കൂടിയായി എം ശിവശങ്കര്‍. അറസ്റ്റിന് ശേഷം മന്ത്രിമാരും സിപിഎം നേതാക്കളും ശിവശങ്കറെ കൂട്ടത്തോടെ തള്ളിപ്പറഞ്ഞു. 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഫെബ്രുവരി നാലിനാണ് എം ശിവശങ്കര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്. 2023 ജനുവരി വരെ സര്‍വ്വീസ് കാലാവധിയുള്ള ശിവശങ്കറിന് സംസ്ഥാനസര്‍വീസിലേക്ക് മടങ്ങിവരവ് ഉണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍.