മദ്യഷോപ്പുകള്‍ക്കു മുന്നിലെ ക്യൂ പൊതുസ്ഥലത്തേക്ക് നീളുന്നത് അപമാനമെന്ന് ഹൈക്കോടതി

കൊച്ചി: വിദേശമദ്യഷോപ്പുകള്‍ക്കു മുന്നിലെ ക്യൂ പൊതുസ്ഥലത്തേക്കും നിരത്തുകളിലേക്കും നീളുന്നത് അപമാനമാണെന്ന് ഹൈക്കോടതി. മദ്യം വാങ്ങാന്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സര്‍ക്കാരിന്റെയും ബിവറേജസ് കോര്‍പറേഷന്റെയും ഉത്തരവാദിത്തമാണെന്നും ആളുകള്‍ക്ക് മദ്യം വാങ്ങി ആത്മാഭിമാനം പണയപ്പെടുത്താതെ കൗണ്ടറില്‍ നിന്ന് മടങ്ങാന്‍ സൗകര്യമുണ്ടാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ മതിയായ സൗകര്യമൊരുക്കണമെന്ന വിധി നാലുവര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാത്തതിനെത്തുടര്‍ന്ന് പരിഗണിക്കുന്ന കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇക്കാര്യം പറഞ്ഞത്.

തൃശൂര്‍ കുറുപ്പംറോഡിലെ വിദേശ മദ്യവില്പനശാലയിലെ തിരക്ക് ബിസിനസിനെ ബാധിക്കുന്നെന്നാരോപിച്ച് സമീപത്തെ ഹിന്ദുസ്ഥാന്‍ പെയിന്റ്‌സ് നല്‍കിയ ഹര്‍ജിയില്‍ 2017 ജൂലായിലാണ് നടപടിക്ക് സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചത്. ഇതു പാലിച്ചില്ലെന്ന് ഹര്‍ജിക്കാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഇന്നലെ എക്‌സൈസ് കമ്മിഷണര്‍ എസ്. അനന്തകൃഷ്ണന്‍, ഡെപ്യൂട്ടി കമ്മിഷണര്‍ കെ.ഷാജി, ബെവ്‌കോ എം.ഡി യോഗേഷ് ഗുപ്ത, തൃശൂര്‍ എസ്.ഐ. ആനന്ദ് എന്നിവര്‍ ഓണ്‍ലൈന്‍ മുഖേന ഹാജരായി.