ഇടിമിന്നല്‍ : രണ്ട് സംസ്ഥാനങ്ങളില്‍ 58 മരണം

ജയ്പുര്/ലഖ്‌നൗ: ഇടിമിന്നലേറ്റ് രണ്ട് സംസ്ഥാനങ്ങളിലായി 58 മരണം. 38 പേര്‍ ഉത്തര്‍പ്രദേശിലും 20 പേര്‍ രാജസ്ഥാനിലും മരിച്ചു. പതിനൊന്നോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനില്‍ ഞായറാഴ്ച രാത്രി 7.30നാണ് ഇടിമിന്നലുണ്ടായത്. വിനോദസഞ്ചാരികളും പ്രാദേശവാസികളുമുള്‍പ്പടെ നിരവധി പേര്‍ ഈ സമയത്ത് ജയ്പൂരിലെ അമേര്‍ കൊട്ടാരത്തിലെ ടവറിലുണ്ടായിരുന്നു.

മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വാച്ച് ടവറിലുണ്ടായ ദുരന്തത്തിന് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലിനെ തുടര്‍ന്ന് ഒമ്പതുപേര്‍ മരിച്ചു.ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു.

കനത്തമഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് ഉത്തര്‍പ്രദേശിലെ 11 ജില്ലകളില്‍ 38 പേര്‍ മരിച്ചു.ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്കിയിട്ടുണ്ട്.