ലക്ഷദ്വീപിലെ കുട്ടികള്‍ക്കായി ഫസ്റ്റ്‌ബെല്‍ 2.0 ക്ലാസുകള്‍ ഓഫ്‌ലൈനായി ലഭ്യമാക്കുന്ന സംവിധാനം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ ഏര്‍പ്പെടുത്തി. നെറ്റ് വര്‍ക്ക് പ്രശ്‌നം കാരണം ക്ലാസുകളുടെ ഡിജിറ്റല്‍ ഉള്ളടക്കം ഓഫ്‌ലൈനായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ രാകേഷ് സിംഗാള്‍ കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്തിന് കത്തെഴുതിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപിലെ വിദ്യാഭ്യാസ ഓഫീസര്‍ തിരുവനന്തപുരത്തെ കൈറ്റ് ആസ്ഥാനത്തെത്തി ചര്‍ച്ചചെയ്യുകയും ഓരോ മാസത്തേയും പ്രീ-പ്രൈമറി മുതല്‍ പ്ലസ് ടു വരെയുള്ള കൈറ്റ് വിക്ടേഴ്‌സിലെ ഫസ്റ്റ്‌ബെല്‍ 2.0 ക്ലാസുകള്‍ പ്രത്യേകം ഡൗണ്‌ലോഡ് ചെയ്ത് ലഭ്യമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു. ലക്ഷദ്വീപിലെ കേരള സിലബസ് പിന്തുടരുന്ന 6420 കുട്ടികള്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുക. ലക്ഷദ്വീപില്‍ ഹൈടെക് ക്ലാസ് മുറികള്‍ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക സഹായം ആവശ്യപ്പെടുന്ന ഘട്ടത്തില്‍ കൈറ്റ് ലഭ്യമാക്കി വരുന്നുണ്ട്.
2021-07-20

