എം പി മുഹമ്മദ് ഫൈസലിന്റെ ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലവുമായി ലക്ഷദ്വീപ് ഭരണകൂടം

കൊച്ചി: എം പി മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലവുമായി ലക്ഷദ്വീപ് ഭരണകൂടം. നിര്‍മ്മാണ പ്രക്രിയകളും കരടുനിയമങ്ങളും കോടതിയില്‍ ചോദ്യം ചെയ്യാനാവില്ലെന്നു സത്യാവാങ്മൂലത്തില്‍ വ്യക്തമാക്കുന്ന ഭരണകൂടം കരടുനിയമങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കണമെന്ന വാദം നിലനില്‍ക്കില്ലെന്നും പറയുന്നു.

ഭരണഘടനാ വ്യവസ്ഥയനുസരിച്ച് ഇംഗ്ലീഷിലാണ് നിയമം തയ്യാറാക്കേണ്ടതെന്നും മലയാളം ദ്വീപിന്റെ ഔദ്യോഗിക ഭാഷയല്ലെന്നും സത്യാവാങ്മൂലത്തില്‍ പറയുന്നുണ്ട്.
മാംസാഹാരങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലെന്നും ലാഭത്തിലല്ലാത്തതിനാലാണ് ഡയറി ഫാമുകള്‍ അടച്ചുപൂട്ടുന്നതെന്നുമാണ് ഭരണകൂടത്തിന്റെ ന്യായവാദം. എന്നാല്‍ ഇതെല്ലാം കോടതി തള്ളുകയായിരുന്നു. ദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചുപൂട്ടിയശേഷം സ്വകാര്യ കമ്പനിയുടെ ഡയറി ഫാം തുടങ്ങാനായിരുന്നു ഭരണകൂടത്തിന്റെ ശ്രമം.