കൊച്ചി: ലക്ഷദ്വീപിലെ മേയ് 28ലെയും ജൂണ്‍ രണ്ടിലെയും ഉത്തരവുകള്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. മത്സ്യബന്ധനബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ നിര്ദ്ദേശിക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് പിന്‍വലിച്ചത്. ദ്വീപില്‍ നിലവിലിരുന്ന ഒന്നാം നിര സുരക്ഷയ്ക്ക് പകരം അടിയന്തര ജാഗ്രത വേണ്ട സാഹചര്യങ്ങളില്‍ ഏര്‍പ്പെടുത്തുന്ന രണ്ടാം നിര സുരക്ഷയിലേക്ക് സംവിധാനങ്ങള്‍ മാറ്റുന്നതായിരുന്നു ആദ്യ ഉത്തരവ്.
ജൂണ്‍ രണ്ടിന് പുറത്തിറക്കിയ ഉത്തരവില്‍ കൊച്ചിയിലും ബേപ്പൂരിലുമടക്കം ദ്വീപ് യാത്രക്കാരുടെ സുരക്ഷാപരിശോധന ശക്തമാക്കണമെന്നും മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഇന്റലിജന്‍സ് കര്‍ശനമാക്കണമെന്നും കപ്പലുകള്‍ നങ്കൂരമിടുന്നിടത്തും ഹെലിപാഡുകളിലും ഇന്റലിജന്‍സ് ഓഫീസര്മാരെത്തണമെന്നും ബോട്ടുകളിലും ഹെലിപ്പാഡുകളിലും സി.സി ടിവി നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും ഇതില്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ജീവനക്കാരെ ഉള്‍പ്പെടുത്തണമെന്നത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി തുറമുഖ-വ്യോമയാന മന്ത്രാലയത്തിന് ദ്വീപ് നിവാസികള്‍ പരാതി നല്കി. ഇതിനെ തുടര്‍ന്നാണ് ഉത്തരവുകള്‍ പിന്‍വലിച്ചുകൊണ്ട് ലക്ഷദ്വീപ് പോര്‍ട്ട്-ഷിപ്പിംഗ് ആന്‍ഡ് ഏവിയേഷന്‍ ഡയറക്ടര്‍ ഉത്തരവിറക്കിയത്.
2021-06-10

