വാഷിംഗ്ടൺ: കോവിഡ് പടർന്നത് ചൈനയിലെ വുഹാൻ ലാബിൽ നിന്നു തന്നെയാണെന്ന യുഎസ് സിദ്ധാന്തത്തിന് പകർച്ച വ്യാധി വിദഗ്ധർ പിന്തുണ നൽകിയിരുന്നുവെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്. പകർച്ചവ്യാധി വിദഗ്ധനായ ഡോ. അന്റോണിയോ ഫൗചിയുടെ ഇ-മെയിലുകളാണ് പുറത്തു വന്നിരിക്കുന്നത്. കോവിഡ് ചോർന്നത് വുഹാനിലെ ലാബിൽ നിന്നാണെന്നുള്ള ലാബ് ലീക്ക് സിദ്ധാന്തത്തിന് അടിവരയിടുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് അദ്ദേഹത്തിന്റെ ഇ-മെയിലിൽ ഉള്ളത്. ഫൗചിയും സ്ക്രിപ്സ് റിസർച്ചുമായി ബന്ധപ്പെട്ട ഒരു വൈറോളജിസ്റ്റും തമ്മിലുള്ള ഇ-മെയിൽ സംഭാഷണങ്ങളാണിത്.
ആദ്യം ഈ വാദത്തിന് പിന്തുണ നൽകിയിരുന്നെങ്കിലും ഫൗചി പിന്നീട് ഈ നിലപാടുകളിൽ പിന്മാറുകയായിരുന്നു. മതിയായ തെളിവുകളുടെ അഭാവം മൂലമാണ് ഫൗചി നിലപാടിൽ മാറ്റം വരുത്തിയതെന്നാണ് വിവരം. ഫൗചിയുടെ ഇമെയിലുകളിൽ പകർച്ചവ്യാധിയുടെ ആദ്യ ദിവസം മുതലുള്ള വിവരങ്ങളുണ്ട്. കോവിഡ് പ്രതിസന്ധിയെ നേരിടാൻ എന്തൊക്കെ ചെയ്യണമെന്ന വിദഗ്ധ വിവരങ്ങളെ കുറിച്ചും ഫൗചി തന്റെ ഇ-മെയിലുകളിൽ വിശദീകരിക്കുന്നുണ്ട്.
വൈറസിന്റെ അസാധാരണമായ സവിശേഷതകൾ ജീനോമിന്റെ ഒരു ചെറിയ ഭാഗമാണ്. അതിനാൽ ഇത് പകർച്ചവ്യാധിയാവില്ലെന്നും അതിൽ വ്യതിയാനം വരുത്തേണ്ടതുണ്ടെന്നും ചില എഞ്ചിനീയറിംഗ് സാധ്യതയുണ്ടെന്നും സ്ക്രിപ്സ് ഗവേഷകനായ ക്രിസ്റ്റ്യൻ ആൻഡേഴ്സൺ ഫൗചിയോട് വ്യക്തമാക്കുന്നുണ്ട്. എഞ്ചിനീയറിംഗ് സാധ്യത എന്ന പദത്തെ കുറിച്ചാണ് ലാബ് ലീക്ക് സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത്.
അതേസമയം ലാബ് ലീക്ക് സിദ്ധാന്തത്തെ പാടെ തള്ളിക്കളയുകയാണ് ചൈനീസ് അധികൃതർ.

