മലപ്പുറം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തിന്റെ പൂര്‍ണമായ പിന്തുണയും സഹകരണവും ഇനി സര്‍ക്കാരിന് നല്‍കില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മരം മുറി കേസില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും, ജനങ്ങളുടെ ജീവിത പ്രയാസങ്ങളിലിടപെടാതെയും ഭരണാധികാരികള്‍ ക്യാമ്പസ് വീരകഥകള്‍ പ്രചരിപ്പിച്ച് നടക്കുകയാണെന്നും സര്‍ക്കാരിനെതിരെ ശക്തമായ ജനകീയ സമരം മുസ്ലീം ലീഗ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ നടുവൊടിഞ്ഞു കിടക്കുമ്പോള്‍ ഭരണാധികാരികള്‍ ശ്രദ്ധിക്കാനില്ലാത്ത സ്ഥിതിയാണെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. പ്രതിപക്ഷം ഇനി പ്രതിപക്ഷത്തിന്റെ റോള്‍ ശക്തമാക്കുമെന്നും എല്ലാവര്‍ക്കും പഴയ അനുഭവങ്ങളൊരുപാടുണ്ടെന്നും പക്ഷെ, അതൊക്കെ വിളിച്ച് പറയേണ്ട സമയം ഇതല്ലെന്നും മനുഷ്യന്റെ ദുരിതകാലത്ത് ക്യാമ്പസ് വീരഗാഥ പറഞ്ഞുകൊണ്ടിരിക്കുന്നത് എങ്ങനെയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

