ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ബിജെപിയല്ലാതെ മറ്റാരും അംഗീകരിക്കില്ല : കുഞ്ഞാലിക്കുട്ടി

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാടിസ്ഥാനത്തിലാക്കിയ നടപടി ബിജെപിക്കല്ലാതെ വേറൊരു പാര്‍ട്ടിക്കും അംഗീകരിക്കാനാവാത്തതാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും ലീഗിന്റെ നിലപാടിനൊപ്പമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞതായും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു സ്‌കോളര്‍ഷിപ്പ് മാത്രമല്ല. ഇന്ത്യയിലെ മുസ്ലിം പിന്നാക്കവസ്ഥയുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ചതാണ്. ആ കമ്മീഷന്‍ നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കേരളത്തില്‍ ഇടത് സര്‍ക്കാര്‍ പാലോളി കമ്മീഷന്‍ രൂപീകരിച്ചു. അവരാണ് 80:20 അനുപാതമാക്കിയത്. അതാണ് ഈ ചര്‍ച്ചമുഴുവനും ഉണ്ടാക്കിയത്.സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് പകരം ആദ്യം വെട്ടിക്കുറച്ചു. ഇപ്പോള്‍ ഇല്ലാതാക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. അതൊരു സത്യമാണ്. ആ വസ്തുതയാണ് ഞങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘രണ്ടും രണ്ടായി പരിഗണിക്കണമെന്ന ലീഗിന്റെ അഭിപ്രായത്തോട് കൂടെയാണ് ഉള്ളതെന്നാണ് പ്രതിപക്ഷ നേതാവുമായി ഞാന്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്. സര്‍ക്കാരിന്റെ നിലപാട് ഒരു നിലക്കും സ്വാഗതം ചെയ്യുന്നില്ല. അതിനെ ഞങ്ങള്‍ നിയമസഭയിലടക്കം എതിര്‍ക്കും. കണക്ക് കണക്കാണ്. പ്രതിപക്ഷ നേതാവിന്റെ നിലപാടല്ല ഇപ്പോഴത്തെ വിഷയം. സച്ചാര്‍ കമ്മീഷന്‍ നിര്‍ദേശം തള്ളികളയുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടി ബിജെപിക്കല്ലാതെ മറ്റൊരു പാര്‍ട്ടിക്കും അംഗീകരിക്കാനാകില്ല’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.