കൊച്ചി മെട്രോയില്‍ രണ്ട് മണിക്കൂര്‍ അധിക സര്‍വീസ്

കൊച്ചി : തിങ്കളാഴ്ച മുതല്‍ കൊച്ചി മെട്രോയില്‍ രണ്ട് മണിക്കൂര്‍ അധിക സര്‍വീസ്. രാവിലെ എട്ട് മണിക്ക് ആരംഭിച്ചിരുന്ന സര്‍വീസ് ഇനി രാവിലെ ഏഴ് മണിക്കായിരിക്കും ആരംഭിക്കുക. രാത്രി ഒന്‍പത് മണി വരെ സര്‍വീസ് നീട്ടുകയും ചെയ്തിട്ടുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന മെട്രോ സര്‍വീസ് കഴിഞ്ഞ ജൂലൈ ഒന്ന് മുതലാണ് പുനരാരംഭിച്ചത്.

ആളുകള്‍ കൂടുന്നതിന് അനുസരിച്ച് സമയവും ഇനി നീട്ടും. കോവിഡിന് മുന്‍പ് രാവിലെ 6 മണി മുതല്‍ രാത്രി 10.30 വരെയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. ഞായറാഴ്ച്ച യുപിഎസ്ഇ പരീക്ഷ കണക്കിലെടുത്ത് രാവിലെ 7 മണിയ്ക്ക് സര്‍വീസ് നടത്തും. രാവിലെ എട്ട് മണിയ്ക്ക് സര്‍വീസ് തുടങ്ങുന്നതിനാല്‍ മെട്രോയില്‍ സഞ്ചരിച്ച് പലര്‍ക്കും സമയത്ത് ഓഫീസില്‍ എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല.