തിരുവനന്തപുരം: ചരിത്രം കുറിച്ച് കെ.പി.സി.സി നിര്‍വാഹകസമിതിയിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നൊരാള്‍. ഇന്നലെ വൈകുന്നേരം ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ട്രാന്‍സ്ജന്‍ഡര്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അരുണിമ സുല്‍ഫിക്കര്‍ തങ്ങള്‍ക്കും കെ.പി.സി.സിയില്‍ പ്രാതിനിധ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ കത്ത് നല്‍കി.
കെ പി സി സി ഭാരവാഹിയായി ഒരു ട്രാന്‍സ്ജന്‍ഡറിനെ ഉള്‍പ്പെടുത്തിയാല്‍ പാര്‍ട്ടിക്ക് അത് മുതല്‍ക്കൂട്ടാകുമെന്നും പുരോഗമനപരമായി ചിന്തിക്കുന്ന ഒരു വിഭാഗം സംഘടനയിലോട്ട് അടുക്കുമെന്നും വാദിക്കുന്ന വലിയൊരു വിഭാഗം കോണ്‍ഗ്രസിനകത്ത് തന്നെയുണ്ട്. ചരിത്രപരമായ തീരുമാനം നടപ്പായാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ തന്നെയത് വിപ്ലവകരമായ തീരുമാനമായിരിക്കുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കളും പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
മുല്ലപ്പളളി രാമചന്ദ്രന്‍ കെ പി സി സി അദ്ധ്യക്ഷനായിരുന്നപ്പോഴാണ് ട്രാന്‍സ്ജന്‍ഡര്‍ കോണ്‍ഗ്രസ് ആരംഭിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താഴെതട്ടിലെത്തുമ്പോള്‍ ചിലയിടങ്ങളില്‍ ഞങ്ങളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന് ഞങ്ങളെ ഉള്‍ക്കൊളളാന്‍ സാധിക്കുന്നുണ്ട്. താഴെതട്ടിലെ ചിന്താഗതി മാറണമെങ്കില്‍ ഒരാളെ നേതൃത്വത്തിലെത്തിച്ച് നേതാക്കള്‍ മാതൃക കാട്ടണമെന്ന് അരുണിമ സുല്‍ഫക്കര്‍ പറഞ്ഞു.
വനിത സംവരണത്തിന്റെ ക്വാട്ടയ്ക്കകത്ത് നിന്നുതന്നെ ട്രാന്‍സ്ജന്‍ഡേഴ്‌സിനെ ഉള്‍പ്പെടുത്തണമോ അതോ അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമോയെന്ന കാര്യം നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു.

