കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി സന്നദ്ധത അറിയിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്ക്കാനുള്ള സന്നദ്ധത രേഖാമൂലം ഹൈക്കമാന്‍ഡിനെ
അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതേസമയം, കെപിസിസി അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ അണിയറ നീക്കം സജീവമാണ്. കെ സുധാകരനെയും പി ടി തോമസിനെയും മുന്നില്‍ നിര്‍ത്തിയാണ് നീക്കങ്ങള്‍. അതേസമയം, എ ഗ്രൂപ്പ് ബെന്നി ബെഹനാന്റെ പേരാണുയര്‍്ത്തുന്നത്. കെപിസിസി പ്രസിഡന്റ് സംബന്ധിച്ച തീരുമാനത്തില്‍ താന്‍ ഇടപെടില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല.തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാക്കളില്‍ നിന്ന് മാറി എ, ഐ ഗ്രൂപ്പുകളിലെ പുതുതലമുറയുടെ കൂട്ടായ്മയും പാര്‍ട്ടിയില്‍ രൂപപ്പെടുന്നുണ്ട്. ഐ ഗ്രൂപ്പ് എംഎല്‍എമാരും രമേശിന്റെയും സതീശന്റെയും പേരുകളില്‍ വിഭജിക്കപ്പെട്ടു. കെപിസിസി പ്രസിഡന്റിന്റെ നിയമനത്തിലും സമാനമായ സാഹചര്യമുണ്ടകാം. കെപിസിസിക്ക് പിന്നാലെ ഡിസിസികളിലും അഴിച്ചുപണി ഉണ്ടാകും. പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന് ഇന്നലെ രാജിവെച്ചു. മലപ്പുറം, ആലപ്പുഴ അടക്കമുള്ള ജില്ലകളിലും നിലവില്‍ അധ്യക്ഷന്മാരില്ല.