സംസ്ഥാനത്ത് ഇത്തവണ പ്രവേശനോത്സവം ജൂൺ ഒന്നിന് വെർച്വലായി നടത്തും

തിരുവനന്തപുരം:സംസ്ഥാനത്ത് ഇത്തവണ പ്രവേശനോത്സവം ജൂൺ ഒന്നിന് വെർച്വലായി നടത്തും. രാവിലെ 9.30ന് കൈ‌റ്റ് വിക്‌ടേഴ്‌സ് ചാനലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അദ്ധ്യാപകരും വിദ്യാ‌ർത്ഥികളുമായുള‌ളന സംവാദന ക്ളാസുകൾ പിന്നീടാകും നടത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.കൈ‌റ്റ് വിക്ടേ‌ഴ്‌സ് ചാനലിൽ ക്ളാസുകൾ സംപ്രേഷണം ചെയ്യും. മുൻപ് ടെലികാസ്‌റ്റ് ചെയ്‌ത ഭാഗങ്ങളിൽ ഭേദഗതികൾ വരുത്തി ആകർഷകമാക്കിയാകും ഇത്.

ഓൺലൈൻ ക്ളാസുകൾ ലഭ്യമാകാത്ത കുട്ടികൾക്ക് വിവിധ സർക്കാർ പൊതുമേഖലാ ഏജൻസികൾ, സ്ഥാപനങ്ങൾ, പൊതുജനങ്ങൾ ഇവരുടെ സഹായത്തോടെ ഡിജി‌റ്റൽ വിദ്യാഭ്യാസ ഉപകരണങ്ങളുടെ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. പാഠപുസ്‌തകങ്ങൾ ഒന്നാംഭാഗം 70 ശതമാനവും അച്ചടി പൂർത്തിയായി. എസ്‌എസ്‌എൽ‌സി മൂല്യനിർണയം ജൂൺ 7 മുതൽ 25 വരെയുള‌ള ദിവസങ്ങളിൽ നടക്കും. എസ്‌എസ്‌എൽ‌സി ഐടി പ്രാക്‌ടിക്കൽ ഒഴിവാക്കി. ഹയർസെക്കന്ററി വി‌എച്ച്‌എസ്‌സി മൂല്യനിർണയം ജൂൺ ഒന്ന് മുതൽ ഒൻപത് വരെയുമായിരിക്കും.

ഹയർസെക്കന്ററി വി‌എച്ച്‌എസ്‌സി പ്രാക്ടിക്കൽ ജൂൺ 21 മുതൽ ജൂലൈ 7 വരെ നടത്തും. മൂല്യനിർണയത്തിന് 3031 അദ്ധ്യാപകരെ നിയോഗിച്ചു.പാഠപുസ്‌തക വിതരണ ശനിയാഴ്‌ച മണക്കാട് ഹയർസെക്കന്ററി സ്‌കൂളിൽ കുട്ടികൾക്ക് പുസ്‌തകം നൽകി ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.പ്ളസ്‌ വൺ പരീക്ഷ അന്തിമതീരുമാനമായിട്ടില്ല. കഴിഞ്ഞ വ‌ർഷത്തെ പാഠഭാഗങ്ങൾ ബന്ധിപ്പിച്ച് ബ്രിഡ്‌ജ് ക്ളാസുകളും റിവിഷനുമുണ്ടാകും.കഴിഞ്ഞ വർഷം പൂർണമായും ചാനൽ അധിഷ്ഠിതമായ ക്ളാസായിരുന്നെങ്കിൽ ഇത്തവണ അദ്ധ്യാപകരെ സ്‌കൂളിൽ എത്തിച്ച് പഠിപ്പിക്കുന്ന അദ്ധ്യാപകർ തന്നെ ഓൺലൈൻ ക്ളാസ് കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് പദ്ധതികൾ തയ്യാറാക്കുന്നുണ്ട്.

ഇതിനായി അദ്ധ്യാപകർ സ്‌കൂളിലെത്തുന്നതും ഐടി സൗകര്യം ഉപയോഗിക്കേണ്ടതുമാണ്.കുട്ടികൾക്ക് സകുടുംബം ഇതിന്റെ ഭാഗഭാക്കാവാം.സംസ്ഥാനത്ത് കുട്ടികൾക്ക് വിതരണത്തിന് വേണ്ട യൂണിഫോം തയ്യാറാണ്.ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും. പ്ളസ്‌ ടുവിനും ജൂൺ ഒന്നിന് ക്ളാസുകൾ ആരംഭിക്കും.സംസ്ഥാനത്തെ സ്‌കൂൾതലത്തിലെ ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടൺഹിൽ ഹയർസെക്കന്ററി സ്‌കൂളിൽ വച്ച് അന്നേ ദിവസം 11 മണിക്ക് നടക്കും. തുടക്കത്തിൽ ഡിജി‌റ്റൽ ക്ളാസുകൾ മാത്രമാണുണ്ടാകുക.