നവീകരിച്ച കോഴിക്കോട് ബീച്ച് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു നല്‍കുന്നതിനു നടപടികളെടുക്കുകയാണെന്നും ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് മാസ് വാക്‌സിനേഷന് ഒരുക്കങ്ങള്‍ തുടങ്ങിയതായും മന്ത്രി പി എ മുഹമ്മദ് റിയാസ്. നവീകരണ പ്രവൃത്തികള്‍ നടത്തി മനോഹരമാക്കിയ കോഴിക്കോട് ബീച്ച് ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബീച്ച് നവീകരണം ടൂറിസം മേഖലയില്‍ കുതിച്ചു ചാട്ടത്തിനു സഹായകമാകും. മലബാറിന്റെ ടൂറിസം മേഖലയുടെ വളര്‍ച്ചയില്‍ കോഴിക്കോടിന് ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബീച്ച് നവീകരണത്തിന്റെ ഭാഗമായി നവീകരിച്ച ബീച്ചില്‍ മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും പുല്‍ത്തകിടികളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, കുട്ടികള്‍ക്കായുള്ള കളി ഉപകരണങ്ങള്‍, ഭക്ഷ്യ കൗണ്ടര്‍, ഭിന്നശേഷി റാംപുകള്‍, വഴിവിളക്കുകള്‍, നിരീക്ഷണ ക്യാമറകള്‍ തുടങ്ങിയവയെല്ലാം ഒരുക്കിയിരിക്കുന്നു. ശിലാസാഗരം ബീച്ചില്‍ ഭീമന്‍ ചെസ് ബോര്‍ഡ്, പാമ്പും കോണിയും ഒരുക്കിയിട്ടുമുണ്ട്.

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷനായിരുന്നു. എം.കെ.രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, മേയര്‍ ബീന ഫിലിപ്പ്, ഡപ്യൂട്ടി മേയര്‍ സി.പി.മുസാഫിര്‍ അഹമ്മദ്, കലക്ടര്‍ സാംബശിവ റാവു, സിറ്റി പൊലീസ് കമ്മിഷണര്‍ എ.വി. ജോര്‍ജ്, ഡിടിപിസി സെക്രട്ടറി സി.പി. ബീന തുടങ്ങിയവര്‍ പ്രസംഗിച്ചു.