തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ വ്യവസായത്തിന് കരുത്ത് പകർന്ന് സർക്കാർ. കൊച്ചിയിൽ സർക്കാർ 50 കോടി രൂപ മുതൽ മുടക്കിൽ പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കാനാണ് സർക്കാരിന്റെ തീരുമാനം.. കടവന്ത്രയിൽ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിട്ടി 30 വർഷം പാട്ടത്തിന് നൽകുന്ന 35 സെന്റ് ഭൂമിയിലാണ് 50 കോടി രൂപയുടെ പദ്ധതി കെ.എസ്.എഫ്.ഡി.സി നടപ്പിലാക്കുക.
കെ.എസ്.എഫ്.ഡി.സിയുടെ സിനിമാ പഠനകേന്ദ്രവും ഇവിടെ ആരംഭിക്കും. ആധുനിക സംവിധാനങ്ങളുള്ള ഡബ്ബിംഗ് എഡിറ്റിംഗ്, റെക്കാഡിംഗ് സ്റ്റുഡിയോകൾ, സിനിമാ ചിത്രീകരണത്തിനു വേണ്ട സൗകര്യങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെ ഉണ്ടാകും. സിനിമാ വിദ്യാർത്ഥികൾക്കും സാങ്കേതിക പ്രവർത്തകർക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന വിധത്തിലായിരിക്കും പഠനകേന്ദ്രമെന്ന് കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ.കരുൺ അറിയിച്ചു.
പഠന കേന്ദ്രത്തിൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകരുടെ സേവനവും ഉണ്ടാകും. കാക്കനാട് മൂന്നു ആധുനിക തിയേറ്ററുകൾ കെ.എസ്.എഫ്.ഡി.സി നിർമ്മിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. സംസ്ഥാനത്താകെ തിയേറ്ററുകൾ നിർമ്മിക്കുന്ന 100 കോടി രൂപ മുതൽ മുടക്കുള്ള കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയായിരിക്കും നിർമ്മാണം. കൊച്ചിൻ ഡെവലപ്മെന്റ് കോർപ്പറേഷൻ 80 സെന്റ് സ്ഥലം ഇതിനായി വിട്ടുനൽകുകയും ചെയ്തിട്ടുണ്ട്.

