തിരുവനന്തപുരം: കോവളം ബീച്ചിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ ടൂറിസം വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ലോക ടൂറിസം മേഖലയിൽ കോവിഡ് സൃഷ്ടിച്ച വലിയ പ്രതിസന്ധി കോവളത്തെയും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോവളം ടൂറിസം വികസന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയുടെ വാക്കുകൾ ,
‘കോവളം ടൂറിസത്തിന്റെ സുവർണ്ണകാലം തിരിച്ചുപിടിക്കാൻ നമുക്ക് കഴിയണം. വിദേശികളെ കോവളത്തേക്ക് പ്രധാനമായും ആകർഷിച്ചത് കടലിന്റെ പനോരമിക് കാഴ്ചയും സൂര്യസ്‌നാനം ചെയ്യാനുള്ള സൗകര്യവുമായിരുന്നു. സഞ്ചാരികളുടെ സൈ്വര്യ വിഹാരത്തിനും, സ്വകാര്യതയ്ക്കും അർഹിക്കുന്ന പ്രാധാന്യവും ലഭിച്ചിരുന്നു. ഈ ആകർഷണങ്ങൾ തിരിച്ചുപിടിക്കാൻ ആവശ്യമായ പ്രവർത്തനം ടൂറിസം വകുപ്പ് നിർവഹിക്കുക്കും.. അശാസ്ത്രീയ നിർമ്മിതികൾ കോവളം ബീച്ചിന്റെ മനോഹരമായ കാഴ്ചകളെ ചിലയിടങ്ങളിലെങ്കിലും തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങൾ പരിശോധിച്ച് ഇനിയുള്ള നിർമ്മാണ പ്രവൃത്തികളിൽ ഗ്രീൻ പ്രോട്ടോക്കോളും ടൂറിസം മാന്വലും നിർബന്ധമാക്കും.
കൂടാതെ, യോഗത്തിൽ കോവളത്തെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കാനും കോവളം കടൽ തീരത്തെ തെരുവ് വിളക്കുകൾ ആഗസ്റ്റ് 10 നകം അറ്റകുറ്റ പണികൾ പൂർത്തീകരിച്ച് പ്രവർത്തന ക്ഷമമാക്കാനും ടൈലിംങ്ങ് പ്രവർത്തികൾ ആഗസ്റ്റ് 15 നകം പൂർത്തീകരിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിൽ ഉള്ള സ്ഥലപരിമിതി മറികടക്കാൻ സ്വകാര്യ മേഖല ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടത്തി പ്രശ്ന പരിഹാരം കണ്ടെത്താനും തീരുമാനിച്ചു.
ടൂറിസം വകുപ്പ് ഡയറക്ടർ കൃഷ്ണ തേജ, ഡെപ്യൂട്ടി ഡയറക്ടർ എ.ആർ സന്തോഷ്‌ലാൽ, ബി.കെ ഗോപകുമാർ, ഡി.ആർ ബിജോയ്, ആർ.സി പ്രേംഭേഷ്, എ.ഷാഹുൽ ഹമീദ്, എം.ഹുസ്സൈൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

