ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. മാധ്യമപ്രവര്‍ത്തകരായ എന്‍ റാം, ശശി കുമാര്‍ എന്നിവരാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
സിറ്റിംഗ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്ന ആവശ്യമാണ് മാധ്യമപ്രവര്‍ത്തകര്‍ ഹര്‍ജിയില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും, സൈനിക തലത്തില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. എന്‍ റാംമിന്റെയും, ഗോപീകൃഷ്ണന്‍ ഉള്‍പ്പടെയുള്ള ചില മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മാത്രമല്ല, അഭിഭാഷകന്‍ എം.എല്‍.ശര്‍മ, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരും പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

