കൊല്ലം ബൈപാസിലെ ടോള്‍ പിരിവ് : പ്രതിഷേധവുമായി നാട്ടുകാര്‍

കൊല്ലം: കൊല്ലം ബൈപാസില്‍ നിന്നും ടോള്‍ പിരിക്കാനുള്ള കേന്ദ്ര ഉപരിതല ഗതഗതാ മന്ത്രാലയത്തിന്റെ നടപടിക്കെതിരെ തടയുമെന്ന് കൊല്ലം കോര്‍പ്പറേഷനും നാട്ടുകാരും. നിര്‍മാണം പൂര്‍ത്തിയാക്കാതെയും സര്‍വീസ് റോഡുകള്‍ പണിയാതെയും ടോളുകള്‍ പിരിക്കാനുള്ള നീക്കമാണ് നാട്ടുകാരില്‍ പ്രതിഷേധമുണ്ടാക്കുന്നത്. സ്ഥലത്ത് ഡിവൈഎഫ്‌ഐ ,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. പതിമൂന്ന് കിലോമീറ്റര്‍ നീളമുള്ള കൊല്ലം ബൈപാസ്സില്‍ നിന്നും ടോള്‍ പിരിക്കാന്‍ കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തീരുമാനിച്ചത്. എന്നാല്‍ പ്രദേശികമായി വന്‍ എതിര്‍പ്പാണ് നേരിട്ടത്. ഇതോടെ നടപടിയില്‍ നിന്നും പിന്മാറുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാനായിരുന്നു കമ്പനിയുടെ നീക്കം. നാല് വരി പാതയും സര്‍വീസ് റോഡുകളും പൂര്‍ത്തി ആയതിന് ശേഷം ടോള്‍ പിരിച്ചാല്‍ മതിയെന്ന നിലപാടിലാണ് നാട്ടുകാര്‍.