തൃശ്ശൂര്‍്: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ മൊഴിയെടുക്കും. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ധര്‍മ്മരാജനും സംഘവും എത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. കുഴല്‍പ്പണ തട്ടിപ്പിന്റെ ഗൂഢാലോചന കേന്ദ്രം തൃശൂരെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം.സുരേന്ദ്രന് മത്സരിച്ച കോന്നിയില്‍ നിന്നും കഴിഞ്ഞ ദിവസം അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി.
കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് 10 ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ഹൈക്കോടതിയും ഇഡിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിജെപി നേതാക്കള്‍ സംശയ നിഴലിലുള്ള കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം ഇല്ലാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എഫ്ഐആറില്‍ 25 ലക്ഷം രൂപ കാണാതായെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പിഎംഎല്‍എ അക്ട് അനുസരിച്ച് കേസ് നിലനില്‍ക്കുമോ എന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.