കിറ്റക്‌സ് പ്രശ്‌നം അതിവേഗം പരിഹരിക്കുകയായിരുന്നു വേണ്ടതെന്ന് സുരേഷ്‌ഗോപി

കൊച്ചി: ജനങ്ങളുടെ ശമ്പളം വാങ്ങുന്ന ഒരുത്തനും കുത്സിതം കളിക്കാനുള്ള തട്ടകമാകരുത് സര്‍ക്കാരും സര്‍ക്കാര്‍ ഓഫീസുകളുമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ്‌ഗോപി.താനായിരുന്നു മുഖ്യമന്ത്രി എങ്കില്‍ കിറ്റക്‌സ് പ്രശ്നം അതിവേഗം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരേഷ് ഗോപിയുടെ വാക്കുകള്‍

പ്രശ്നം അതിവേഗം പരിഹരിക്കുകയായിരുന്നു വേണ്ടത്. മുഖ്യമന്ത്രിയുടെ മൈന്റ് സെറ്റ് വ്യത്യസ്തമായിരിക്കും. താനായിരുന്നു പിണറായി വിജയനെങ്കില്‍ ഉടനെ കിറ്റക്‌സ് സാബുവിനെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിച്ചേനെ. കിറ്റക്‌സിനെ തെലുങ്കാനയിലേക്ക് പോകുന്നതില്‍ കുറ്റപ്പെടുത്താനാകില്ല. അതിജീവനത്തിന്റെ മാര്‍ഗ്ഗം തേടിയാണ് അത് പോയത്. നമുക്ക് എല്ലാവര്‍ക്കും നല്ലതായി വന്ന ഒന്നിനെ എന്തിനാണ് നശിപ്പിച്ചതെന്ന് ആളുകള്‍ ചിന്തിക്കും. കേവലമായ രാഷ്ട്രീയക്കളിയാണ് കാരണം. ആരുടെയൊക്കേയോ അഹങ്കാരമൊക്കെയാണ് അതിന് വഴി തെളിയിച്ചത്.
അപ്പോള്‍ കുടുംബം പണയം വെച്ച് ഇന്‍വെസ്റ്റ് ചെയ്യാന്‍ നില്‍ക്കുന്ന ആള്‍ക്ക് ആ അഹങ്കാരത്തെ മറികടക്കാന്‍ പോന്ന കൗണ്ടര്‍ ഓപറേഷന്‍ വേണ്ടി വരും. അതാണ് അദ്ദേഹം ചെയ്തത്. മുഖ്യമന്ത്രിക്ക് ജഡ്ജാവാനുള്ള അധികാരമുണ്ട്. കിറ്റെക്സ് സാബു പറഞ്ഞതിനെയെല്ലാം ഫാക്ട് ആയി എടുക്കുന്നതിന് പകരം ഡാറ്റയായി എടുക്കാം. കിറ്റെക്സ് സാബു അപകടകരം എന്ന രീതിയില്‍ പറഞ്ഞതിനെ ജനറലൈസ് ചെയ്ത് എല്ലാ ഇന്‍ഡസ്ട്രിയുടെയും ഒരു പ്രശ്‌നമായി കാണുക. അതിന് ശേഷം ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി സംസാരിച്ച് ഇതിനകത്ത് പറ്റിയിരുന്ന അപകടം എന്ന് സംസാരിച്ച് അത് നോക്കി ശിക്ഷാ രൂപത്തില്‍ പറഞ്ഞുവിട്ടേക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ശമ്പളം വാങ്ങുന്ന ഒരുത്തനും കുത്സിതം കളിക്കാനുള്ള തട്ടകമാകരുത് സര്‍ക്കാരും സര്‍ക്കാര്‍ ഓഫീസുകള്‍.