വില കൊടുത്താലും വാക്‌സിന്‍ കിട്ടില്ല, രണ്ടുമാസത്തിനുശേഷമേ വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുവെന്ന് നിര്‍മാതാക്കള്‍

തിരുവനന്തപുരം: ഒരു കോടി ഡോസ് വാക്‌സിന്‍ വില കൊടുത്ത് വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് തിരിച്ചടി. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട വാക്‌സിന്റെ ഉല്‍പ്പാദനം ആരംഭിച്ചിട്ടില്ലെന്നും വാക്‌സിന്റെ ഉത്പാദനവും ആവശ്യവും തമ്മിലുള്ള വലിയ അന്തരമാണുള്ളതെന്നും വാക്‌സിന്‍ നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്താലും രണ്ടുമാസത്തിനുശേഷമേ വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുവെന്ന് നിര്‍മാതാക്കള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.
18 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ നടപടികള്‍ നാളെ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കെയാണ് വാക്‌സിന്‍ നിര്‍മാതാക്കളുടെ അറിയിപ്പ്.
അതേസമയം വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരോഗ്യവകുപ്പ് ഒഴിവാക്കിയെങ്കിലും പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ഇത് തുടര്‍ന്നു. ഇതോടെ വലിയ തിരക്കാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ അനുഭവപ്പെട്ടത്.സംസ്ഥാനത്ത് 18 വയസിനും 45 വയസിനും ഇടയില് പ്രായമുള്ളവര്ക്ക് കോവിഡ് സൗജന്യമായി നല്കുമെന്ന് സംബന്ധിച്ചുള്ള ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി.