കോവിഡ് : സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു

തിരുവനന്തപുരം : കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ മെയ് ഒന്ന് മുതല്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ബസുടമകളുടെ തീരുമാനം. നിലവിലെ വരുമാനം ദിവസചിലവിന് പോലും തികയാത്ത സാഹചര്യത്തിലാണ് മെയ് ഒന്ന് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുന്നത്. ഇതിനായി വാഹന നികുതി ഒഴിവാക്കി കിട്ടുവാനുള്ള അപേക്ഷയായ ജി ഫോം നല്കിയാവും സര്‍വീസുകള്‍ നിര്‍ത്തുക.
ഏപ്രില്‍, മെയ് , ജൂണ്‍ മാസങ്ങളിലെ ക്വാര്‍ട്ടര്‍ നികുതി ഒഴിവാക്കി കിട്ടുന്നതിന് വേണ്ടി സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടും ഒരു തീരുമാനവും ഇല്ലാത്തതിനാലാണ് ബസുകള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വരുന്നതെന്നും ഉടമകള്‍ പറഞ്ഞു. ക്വാര്‍ട്ടര്‍ നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മാത്രമേ കുറച്ച് ബസുകളെങ്കിലും സര്‍വീസ് നടത്തുകയുള്ളുവെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി.