പിണറായിയുടെ വ്യക്തിപ്രഭാവം മാത്രമല്ല, കൂട്ടായ പരിശ്രമമാണ് വിജയത്തിന് പിന്നിലെന്ന് സിപിഎം കേന്ദ്രനേതൃത്വം

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നില്‍ പിണറായിയുടെ വ്യക്തി പ്രഭാവമാണെന്നും പാര്‍ട്ടിയിലും സര്‍ക്കാരിലും പിണറായി ആധിപത്യമെന്നും വരുത്തി തീര്‍ക്കാന്‍ മാദ്ധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് സി പി എം.സി പി എമ്മിന്റെ ഡല്‍ഹിയിലെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലെ കുറ്റപ്പെടുത്തല്‍. സി പി എം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടായാണ് മുഖപ്രസംഗം വിലയിരുത്തപ്പെടുന്നത്. പരമാധികാരിയായ കരുത്തനായ നേതാവിന്റെ ഉദയമായി തിരഞ്ഞെടുപ്പ് ഫലത്തെ മാദ്ധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നു. പിണറായി ഭരണത്തില്‍ മികച്ച മാതൃക കാട്ടി എന്നതില്‍ സംശയമില്ല. എന്നാല്‍ വിജയം വ്യക്തിപരമായും കൂട്ടായും നടത്തിയ പരിശ്രമത്തിന്റെ ഫലമാണെന്നും സി പി എം ഓര്‍മ്മിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് വിജയം ഒറ്റ വ്യക്തിയിലേക്ക് ചുരുക്കേണ്ട എന്ന വ്യക്തമായ സന്ദേശം തന്നെയാണ് സി പി എം ഈ നിലപാടിലൂടെ നല്‍കുന്നത്. വരാന്‍ പോകുന്ന നാളുകളില്‍ പാര്‍ട്ടിയും സര്‍ക്കാരും പിണറായിയിലേക്ക് ചുരുങ്ങുമോ എന്ന ആശങ്കയും കേന്ദ്ര നേതൃത്വത്തിനുണ്ട്.