കേരള ഫിഷറീസ് സര്‍വകലാശാലയില്‍ അനധികൃതനിയമനം : കെ. ബാബു ഗവര്‍ണര്‍ക്ക് പരാതി നല്‍കി

കൊച്ചി: കേരള ഫിഷറീസ് സര്‍വകലാശാലയില്‍ അനധികൃതനിയമനം നടന്നെന്ന് ചൂണ്ടിക്കാട്ടി മുന്‍മന്ത്രി കെ. ബാബു എംഎല്‍എ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. റിജി കെ. ജോണിന്റെ ഭാര്യയ്ക്കും രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ബി. മനോജ് കുമാറിന്റെ ഭാര്യയ്ക്കും അനധികൃത നിയമനം നല്‍കിയതിന്റെ രേഖകള്‍ അടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്. സര്‍വകലാശാലയുടെ ചട്ടങ്ങളിലെ രണ്ടാമത്തെ അധ്യായത്തിലെ 72-ാം സെക്ഷന്‍ ലംഘിച്ചാണ് നിയമനം നടന്നിട്ടുള്ളതെന്ന് കെ. ബാബുവിന്റെ പരാതിയില്‍ പറയുന്നു.

വൈസ് ചാന്‍സലര്‍ നാമനിര്‍ദ്ദേശം ചെയ്ത നാലംഗ സമിതിയാണ് ഇന്റര്‍വ്യൂ നടത്തി രണ്ടുപേരെയും ഫിഷറീസ് ഡീന്‍, റിസര്‍ച്ച് ഡയറക്ടര്‍ തസ്തികകളിലേക്കു ശുപാര്‍ശ ചെയ്തത്. ഇത് കുഫോസ് ചട്ടപ്രകാരം അധ്യായം ഏഴിലെ സെക്ഷന്‍ 79 (ഐ.ബി.) ന്റെ ലംഘനമാണെന്ന് കെ. ബാബു പരാതിയില്‍ പറയുന്നു. സര്‍വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷത്തേക്ക് ഡയറക്ടര്‍ ഓഫ് പബ്ലിക് റിലേഷന്‍ ആന്‍ഡ് പബ്ലിക്കേഷന്‍ (ഡി.പി.ആര്‍.പി.) തസ്തികയില്‍ നിയമനം നടത്തിയതിലും ചട്ടങ്ങള്‍ ലംഘിച്ചുവെന്നും കെ. ബാബു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.