കാസര്‍കോട്: ബി ജെ പി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിച്ചതെന്ന് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദര.15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര വെളിപ്പെടുത്തി.കെ സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകത്തില്‍ വൈന്‍ പാര്‍ലറും പുതിയ വീടും വാഗ്ദ്ധാനം ചെയ്‌തെന്നും കെ സുന്ദര പറഞ്ഞു.
മഞ്ചേശ്വരത്ത് പ്രതിപക്ഷ പാര്‍ട്ടിനേതാക്കള്‍ക്ക് അടക്കം ബി ജെ പി പണം നല്‍കിയെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സുന്ദര എത്തിയിരിക്കുന്നത്. 2016ല്‍ മത്സരിച്ച മൂന്നു സ്വതന്ത്രരില്‍ ഒരാളായ കെ സുന്ദരയ്ക്ക് ലഭിച്ചത് 467 വോട്ടായിരുന്നു. അന്ന് വെറും 89 വോട്ടിന് സുരേന്ദ്രന്‍ തോല്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് അഞ്ച് വര്‍ഷത്തിനിപ്പുറം വീണ്ടും മഞ്ചേശ്വരത്ത് സുന്ദര അപരനായി മത്സരിക്കാനിറങ്ങിയതും നാടകീയമായി പിന്മാറിയതും.