കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രതി എ.സി. മൊയ്തീന്റെ ബന്ധു : വിശദീകരണവുമായി മുന്‍മന്ത്രി

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് ചുക്കാന്‍പിടിച്ച ശാഖാ മാനേജര്‍ ബിജു കരീം, എ.സി. മൊയ്തീന്റെ ബന്ധുവാണെന്നാണ് ആരോപണമുയര്‍ന്നതോടെ വിശദീകരണവുമായി മുന്‍മന്ത്രി രംഗത്ത്. ബിജുവിന്റെയും ജില്‍സിന്റെയും ഭാര്യമാരുടെ പേരിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് 2019ല്‍ എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഫോട്ടോയും പുറത്ത് വന്ന പശ്ചാത്തലത്തിലാണ് മുന്‍മന്ത്രിയുടെ വിശദീകരണം.

ചടങ്ങില്‍ ജനപ്രതിനിധിയെന്ന നിലയിലാണു പങ്കെടുത്തതെന്നും ബിജു കരീം എന്നൊരു ബന്ധു തനിക്കില്ലെന്നും എ.സി. മൊയ്തീന്‍ എം.എല്‍.എ. പറഞ്ഞു. ജില്‍സിന്റെ ഭാര്യയുടെ പേരില്‍ ബാങ്കില്‍നിന്നു ലക്ഷങ്ങള്‍ വായ്പയെടുത്തിട്ടുണ്ടെന്നാണു ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. ബിസിനസുകള്‍ക്കു പണം കണ്ടെത്താന്‍ ബാങ്കിലെ പണം ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ജോയിന്റ് രജിസ്ട്രാര്‍ ശിപാര്‍ശ ചെയ്തിരുന്നു. വിജിലന്‍സ് അന്വേഷണത്തിനും ശിപാര്‍ശയുണ്ട്.