സമരം ചെയ്യുന്ന വ്യാപാരികള്‍ക്ക് കോണ്‍ഗ്രസ് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍

തിരുവനന്തപുരം: സമരം ചെയ്യുന്ന വ്യാപാരികള്‍ക്ക് കോണ്‍ഗ്രസ് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ജീവിതം വഴിമുട്ടിയ കച്ചവടക്കാരോട് ധാര്‍ഷ്ട്യം കാണിക്കാതെ മയത്തില്‍ മുഖ്യമന്ത്രിക്ക് പെരുമാറിക്കൂടേയെന്നും വ്യാപാരികളുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും കേള്‍ക്കുകയും പരിഹാരം നല്കുകയും വേണമെന്നും അതാണ് ഒരു ജനാധിപത്യ സംവിധാനത്തില്‍ ഭരണകൂടം ചെയ്യേണ്ടതെന്ന് ഓര്‍മപ്പെടുത്തുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

സുധാകരന്റെ വാക്കുകള്‍- ‘മരംകട്ട് മുറിച്ച് കൊള്ള നടത്തിയവരോടല്ല, സ്വര്‍ണകള്ളക്കടത്ത് നടത്തിയവരോടല്ല, സ്വര്‍ണം പിടച്ച് പറിച്ചതിന്റെ ഒരു വിഹിതം പാര്‍ട്ടിക്കാണെന്ന് പറഞ്ഞ കൊള്ളക്കാരോടല്ല മുഖ്യമന്ത്രി മനസ്സിലാക്കി കളിച്ചാല്‍ മതിയെന്ന് പറഞ്ഞത്. ഈ നാട്ടിലെ ജനങ്ങളുടെ സ്പന്ദിക്കുന്ന വികാരത്തിന്റെ ഭാഗമായി മാറിയ കച്ചവട സമൂഹത്തോടാണ്. കച്ചവടക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു സര്‍ക്കാരിനാവുന്നില്ലെങ്കില്‍ ചുരുങ്ങിയത് അപമാനിക്കാതിരിക്കാനെങ്കിലും സര്‍ക്കാരിന് സന്മനസ്സ് ഉണ്ടാകണം’.

ഞങ്ങള്‍ നീതി അര്‍ഹിക്കുന്ന കച്ചവടക്കാര്‍ക്കൊപ്പമാണ്. സമൂഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വിലക്കുകളാണ് ഇപ്പോഴുള്ളത്. വിലക്കിന്റെ പ്രധാന്യത്തെ വില കുറച്ച് കാണുന്നില്ല. എന്നാല് അതിനെ മയപ്പെടുത്താനുള്ള ഒരുപാട് സാധ്യതകള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. അത് സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. ഒരു മയപ്പെടുത്തിയ പ്രതികരണവും ഒരു മയപ്പെടുത്തിയ പെരുമാറ്റവും കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ചെയ്തൂകൂടെയെന്നും സുധാകരന്‍ ചോദിച്ചു.