കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി : രാഷ്ട്രീയകാര്യ സമിതിയില്‍ എടുത്ത തീരുമാനങ്ങള്‍ക്ക് ഹൈക്കമാന്‍ഡിന്റെ അനുമതി തേടാനായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഡല്‍ഹിയില്‍. രാഹുല്‍ ഗാന്ധി, എ കെ ആന്റണി, സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരെ കാണും. ഡിസിസി പുനഃസംഘടന ആദ്യം നടത്താനാണ് നീക്കം. 51 ഭാരവാഹികള്‍ മതിയെന്നാണ് കെപിസിസിയിലുണ്ടായ പുതിയ ധാരണ.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്‍പായി എഐസിസിയില്‍ അഴിച്ചു പണി ഉടനുണ്ടാകും. ഉമ്മന്‍ചാണ്ടി തുടരണോയെന്നതിലും, രമേശ് ചെന്നിത്തലയുടെ ഭാവിയിലും തീരുമാനമുണ്ടാകും. ഗുജറാത്ത് ചുമതലയുണ്ടായിരുന്ന രാജീവ് സത്വയുടെ മരണത്തോടെ ഒഴിവ് വന്ന തസ്തികയും നികത്തും. നിലവില്‍ രണ്ട് ജനറല്‍ സെക്രട്ടറിമാരുള്ളപ്പോള്‍ കേരളത്തിന് അമിത പ്രാധാന്യം നല്കുന്നതില്‍ ഉത്തരേന്ത്യന്‍ നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. അധിര്‍ രഞ്ജന്‍ ചൗധരിക്ക് പകരം ലോക്‌സഭ കക്ഷി നേതൃസ്ഥാനത്ത് ആരെന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല.