ന്യൂഡൽഹി: കെ.എം. മാണി അഴിമതിക്കാരൻ ആയിരുന്നെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് സർക്കാർ സുപ്രീം കോടതിയിൽ ഇക്കാര്യം അറിയിച്ചത്. മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാറാണ് സംസ്ഥാന സർക്കാരിനായി സുപ്രീം കോടതിയിൽ വിവരം വ്യക്തമാക്കിയത്.
കെ.എം. മാണി അഴിമതിക്കാരനായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ബഡ്ജറ്റവതരണം എം.എൽ.എമാർ തടസ്സപ്പെടുത്തിയതെന്നായിരുന്നു അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.
അതേസമയം സർക്കാരിന്റെ വാദത്തിനെതിരെ കേരള കോൺഗ്രസ് എം രംഗത്തെത്തി. കെ.എം മാണിയെക്കുറിച്ച് കോടതിയിൽ പറഞ്ഞത് തെറ്റായ കാര്യങ്ങളാണെന്നാണ് കേരളാ കോൺഗ്രസ് എം പറയുന്നത്. അഭിഭാഷകനോട് സംസ്ഥാന സർക്കാർ വിശദീകരണം തേടണമെന്നാണ് കേരളാ കോൺഗ്രസ് എം പ്രവർത്തകർ ആവശ്യപ്പെടുന്നത്.

