തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ വിപ്ലവനായിക കെ ആര്‍ ഗൗരിയമ്മ (102) അന്തരിച്ചു. കടുത്ത അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഗൗരിയമ്മ. 1919 ജൂലൈ പതിനാലിന് കളത്തിപ്പറമ്പില്‍ കെ.എ രാമന്റെയും പാര്‍വ്വതിയമ്മയുടെയും മകളായി ചേര്‍ത്തലയ്ക്കടുത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തില്‍ ജനിച്ച ഗൗരിയമ്മ 1957ലെ ആദ്യ മന്ത്രി സഭയില്‍ അംഗമായിരുന്നു. തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിലും ചേര്‍ത്തല ഇംഗ്ലിഷ് സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും സെന്റ് തെരേസാസ് കോളജില്‍ നിന്നു ബിരുദപഠനവും തിരുവനന്തപുരം ലോ കോളേജില്‍നിന്നു നിയമബിരുദവും നേടി.
തിരുവിതാംകൂര്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധവും പുന്നപ്രവയലാര്‍ സമരവും തുടര്‍ന്ന് ജ്യേഷ്ഠ സഹോദരന്റെ സ്വാധീനവും ഗൗരിയമ്മയെ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചു. പി കൃഷ്ണപിള്ളയില്‍ നിന്നാണ് ഗൗരിയമ്മ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.1954ല്‍ നടന്ന തിരുകൊച്ചി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു.ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു. 1957ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി തോമസും ഗൗരിയമ്മയും വിവാഹിതരായി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിലും ചേര്‍ന്നു. ആറുതവണ മന്ത്രിയായി. മന്ത്രിയായിരിക്കെ കാര്‍ഷിക നിയമം, കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴിപ്പിക്കല്‍ നിരോധന ബില്‍, പാട്ടം പിരിക്കല്‍ നിരോധനം, സര്‍ക്കാര്‍ഭൂമി കയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന ഉത്തരവ്, സര്‍ക്കാര്‍ഭൂമിയിലെ കുടികിടപ്പുകാര്‍ക്ക് ഭൂമി കിട്ടാന്‍ ഇടയാക്കിയ സര്‍ക്കാര്‍ഭൂമി പതിവു നിയമം തുടങ്ങി പ്രധാനപ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. 1948, 1977, 2006, 2011 വര്‍ഷങ്ങളില്‍ പരാജയമറിഞ്ഞു. സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ ശേഷമാണ് ഗൗരിയമ്മ ജെഡിഎസിന് രൂപം നല്‍കിയത്. തുടര്‍ന്ന് യുഡിഎഫിനൊപ്പം പ്രവര്‍ത്തിച്ചു. പിന്നീട് മുന്നണി വിടുകയും ചെയ്തു. അവസാന കാലത്ത് സിപിഎമ്മുമായി അടുത്ത ഗൗരിയമ്മ, പിണറായി വിജയന്‍ അടക്കമുള്ളവരുമായി നല്ല സൗഹൃദം പുലര്‍ത്തി.