കോവിഡ് : തകിടം മറിഞ്ഞ് വിദ്യാഭ്യാസരംഗം

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായി പോലും അധ്യയന വര്‍ഷം ആരംഭിക്കില്ല. കൈറ്റ് വിക്ടേഴ്‌സ് വഴി ഡിജിറ്റല്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ അദ്ധ്യാപകരെ സ്റ്റുഡിയോയിലെത്തിച്ച് ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത് നീണ്ടു പോകുന്നത്. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനായി ജൂണ്‍ ഒന്നിന് തന്നെ അദ്ധ്യയന വര്‍ഷം ആരംഭിച്ചിരുന്നു. റെക്കോര്‍ഡ് ചെയ്തുവച്ചിരിക്കുന്ന ഈ ക്ലാസുകള്‍ തന്നെ പുതിയ അദ്ധ്യയന വര്‍ഷം പ്രയോജനപ്പെടുത്താമെങ്കിലും കുട്ടികളില്‍ ആവര്‍ത്തന വിരസതയുണ്ടാകുമെന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസ വകുപ്പ്.
കൊവിഡ് പ്രതിരോധ, ബോധവത്കരണ പരിപാടികളാണ് വിക്ടേഴ്‌സില്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്നത്.എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയം എന്ന് തുടങ്ങാനാകുമെന്നും തീരുമാനിച്ചിട്ടില്ല.മാറ്റിവച്ച പത്ത്, പന്ത്രണ്ട് ക്ലാസുകാരുടെ പ്രാക്ടിക്കല്‍ പരീക്ഷയിലും അന്തിമ തീരുമാനമായിട്ടില്ല.