കോഴിക്കോട്: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയും ഘടനയും മാറണമെന്നും മതേതരത്വ നിലപാടില്‍ വെള്ളം ചേര്‍ക്കരുതെന്നും കെ മുരളീധരന്‍.കോഴിക്കോട് ലീഡര്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച കെ. കരുണാകരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് വിശക്കുന്നവന്‍ സ്വര്‍ണ്ണ കടത്തിനെ കുറിച്ച് ഗവേഷണം നടത്തില്ല. ഭക്ഷണം നല്‍കുന്നവനൊപ്പമേ ജനം നില്‍ക്കൂ. ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്നവരോടും ഇതേ വിധേയത്വമുണ്ടാകും. ഇതു മനസ്സിലാക്കി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതിയില്‍ അടിമുടി പൊളിച്ചെഴുത്ത് വേണം. താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചാല്‍ വിജയിക്കാം. അല്ലാതെ ഒരു വ്യക്തി മാറി മറ്റൊരു വ്യക്തി വന്നതു കൊണ്ടു മാത്രം കാര്യമില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ബൂത്തുതലത്തില്‍ പ്രവര്‍ത്തകരില്ല. ഒരു ബൂത്തില്‍ നാലു പ്രവര്‍ത്തകരുണ്ടെങ്കില്‍ നാലു പേരും മണ്ഡലം, ഡിസിസി ഭാരവാഹികളായിരിക്കും. ഈ സംവിധാനം വച്ച് എന്തു കൊണ്ട് തോറ്റു എന്നല്ല ചോദിക്കേണ്ടത്. എങ്ങനെ ജയിക്കും എന്നാണ് മുരളീധരന്‍ പറഞ്ഞു. ജാതിമത സമവാക്യങ്ങള്‍ അല്ല പരിഗണിക്കേണ്ടത്.
കഴിഞ്ഞ തവണ നേതൃത്വത്തില്‍ ഏല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യമുണ്ടായിരുന്നു. പക്ഷേ വോട്ടെണ്ണിയപ്പോള്‍ ആരും കൂടെയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഓരോ സമുദായത്തിന്റെയും നേതാക്കളെ കാണാന്‍ മുഖ്യമന്ത്രി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു. ഇവര്‍ നിരന്തരം സമുദായ നേതാക്കളെ കണ്ടു. അത് ഇടതുമുന്നിക്ക് വലിയ നേട്ടം ഉണ്ടാക്കി.തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം കലാകാരന്‍മാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും പരിഗണിക്കണം.കരുണാകരന്റെ മരണശേഷം 4 വര്‍ഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചു. 5 വര്‍ഷം കേരളത്തിലും. പക്ഷേ ആരൊക്കെയോ ആ നിര്‍ദേശം ഒതുക്കി. തിരുവനന്തപുരത്ത് നിര്‍മിക്കുമെന്നു പ്രഖ്യാപിച്ച കെ.കരുണാകരന്‍ സ്മാരകം തറക്കല്ലില്‍ ഒതുങ്ങിയത് മറ്റൊരു സങ്കടമാണെന്നും മുരളീധരന്‍ പറഞ്ഞു.