കോവിഡ് പോരാട്ടത്തിന് കരുത്ത് പകരാൻ ആരോഗ്യമന്ത്രിയായി മൻസുഖ് മാണ്ഡവ്യ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പോരാട്ടത്തിന് കരുത്ത് പകരാൻ ഇനി ആരോഗ്യമന്ത്രിയായി മൻസുഖ് മാണ്ഡവ്യ. ആരോഗ്യമന്ത്രിയായി ചുമതലയേറ്റെടുക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം കോവിഡ് വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിലായിരുന്നു. കഴിഞ്ഞ ആറു ദിവസമായി മാണ്ഡവ്യ രാജ്യത്തെ പ്രമുഖ വാക്‌സീൻ നിർമാണ കേന്ദ്രങ്ങൾ സന്ദർശിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

പുനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദിലെ സൈഡസ്, കോവാക്‌സീൻ എന്നീ കമ്പനികളുടെ കേന്ദ്രങ്ങളിലാണ് മാണ്ഡവ്യ സന്ദർശനം നടത്തിയത്. വകുപ്പിലേക്കെത്തും മുൻപുള്ള ഒരുക്കമായാണ് മാണ്ഡയുടെ ഈ സന്ദർശനത്തെ വിദഗ്ധർ കാണുന്നത്. കോവിഡ് രണ്ടാം തരംഗം നേരിടുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവരെ മാറ്റി മന്ത്രസഭ പുന:സംഘടിപ്പിച്ചത്.

ഗുജറാത്ത് കാർഷിക സർവകലാശാലയിൽ നിന്ന് വെറ്ററിനറി സയൻസിൽ ബിരുദം നേടിയ വ്യക്തിയാണ് മാണ്ഡവ്യ. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടി. എബിവിപിയിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിൽ തിളങ്ങിയ മാണ്ഡവ്യ ബിജെപിയിലൂടെ നേതൃനിരയിലെത്തി. 28-ാം വയസിലാണ് അദ്ദേഹം നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 2012 ൽ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലെത്തി. 2016 ൽ കേന്ദ്രമന്ത്രിസഭയിലേക്ക് അവസരം ലഭിച്ചു. മോദി സർക്കാരിൽ ഗതാഗതം, തുറമുഖം, കെമിക്കൽ, വളം വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായിട്ടായിരുന്നു മാണ്ഡവ്യയുടെ വരവ്. പിന്നീട് രണ്ടാം മോദി സർക്കാരിൽ ആരോഗ്യ മന്ത്രിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത്ഷായും ഒരിക്കൽ കൂടി തന്നിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണെന്നും അവരോട് നന്ദി അറിയിക്കുന്നുവെന്നും മാൻസുഖ് മാണ്ഡവ്യ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.