സംസ്ഥാനങ്ങൾക്ക് നികുതി പിരിക്കാൻ നിലവിലുള്ള അവകാശം പോലും എടുത്തുകളയുന്നത് അനുവദിക്കാനാവില്ല; കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയിൽ പെടുത്താനുള്ള കേന്ദ്ര നിർദ്ദേശത്തെ കേരളം എതിർക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനങ്ങൾക്ക് നികുതി പിരിക്കാൻ നിലവിലുള്ള അവകാശം പോലും എടുത്തുകളയുന്നത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസരി ട്രസ്റ്റ് നടത്തിയ മുഖാമുഖം എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നത് അഞ്ച് വർഷത്തേക്ക് കൂടി നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാരിന് എല്ലാ നികുതി പിരിവും തങ്ങളിൽ കേന്ദ്രീകരിക്കണം എന്ന നിലപാടാണ്. പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിന് കേന്ദ്രം അനുകൂലമായിരിക്കാം. പൂരിത ആൾക്കഹോളും ജി.എസ്.ടിക്ക് കീഴിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചിരുന്നു. ജി. എസ്.ടി വന്നതോടെ ശരാശരി നികുതി 16 ശതമാനത്തിൽ നിന്ന് 11 ശതമാനമായി കുറഞ്ഞുവെന്നും ധനമന്ത്രി വ്യക്തമാക്കി.

സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യമെങ്കിലും സ്വർണം കൊണ്ടുപോകുന്നതിലെ സുരക്ഷിതത്വത്തെ കരുതി പല സംസ്ഥാനങ്ങളും ഇതിനെ എതിർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നികുതി ചോർച്ച തടയാൻ നടപടി സ്വീകരിക്കും. ഇതിനായി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുന്നുണ്ട്. സംസ്ഥാനത്ത് ഈ ഘട്ടത്തിൽ നികുതിയിലോ നികുതിയിതര വിഭാഗത്തിലോ വർദ്ധന വരുത്താൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.