വടകര എംഎല്‍എയുടെ മകന് ഭീഷണിക്കത്ത് കിട്ടിയ സംഭവം, സമഗ്രമായ അന്വേഷണം വേണമെന്ന് പി.ജയരാജന്‍

കണ്ണൂര്‍: വടകര എംഎല്‍എ കെകെ രമയുടെ മകനെ വധിക്കുമെന്ന് കാണിച്ച് ഭീഷണിക്കത്ത് വന്ന സംഭവത്തില്‍ അന്വേഷണം വേണമെന്ന് പി ജയരാജന്‍.ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

വടകര എംഎല്‍എയുടെ പേരില്‍ ലഭിച്ചതായി പ്രചരിപ്പിക്കപ്പെടുന്ന ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു.
പുതുതായി അവരോധിക്കപ്പെട്ട കെപിസിസി പ്രസിഡന്റ് വന്നപ്പോള്‍ കോണ്‍ഗ്രസിലെ മറ്റൊരു ഗ്രൂപ്പ് നേതാവിന്റെ കുടുംബത്തെ തകര്‍ക്കുമെന്ന ഭീഷണിക്കത്ത് വന്നു എന്നതും ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്.
ജനങ്ങള്‍ മറന്നുപോയ ഒരു കേസും അതിനെ കുറിച്ചുള്ള കുറിച്ചുള്ള കള്ള കഥകളും ലൈവാക്കി നിലനിര്‍ത്താന്‍ നിയമസഭാ സമ്മേളനത്തില്‍ വിഷയദാരിദ്ര്യം മൂലം പ്രയാസത്തിലായ യുഡിഎഫിലെ ഒരു ക്രിമിനല്‍ രാഷ്ട്രീയ നേതൃത്വമാണ് ഈ ഭീഷണിക്കത്തിന്റെ പിന്നിലുള്ളതെന്നും സംശയിക്കണം.അവയെല്ലാം വെളിച്ചത്ത് കൊണ്ടുവരുന്ന നിലയിലുള്ള അന്വേഷണം നടത്തണം.
രാഷ്ട്രീയ എതിരാളികളുടെ മക്കളെ തട്ടിക്കൊണ്ട് പോകാനും ഭീഷണിപ്പെടുത്താനും ആരാണ് ശ്രമിക്കാറുള്ളതെന്ന് ഈയിടെ പുറത്ത് വന്ന വാര്‍ത്തകള്‍ ആരും മറന്നുപോയിട്ടില്ല.