കഴിഞ്ഞ സര്‍ക്കാറിന്റെ ആഭ്യന്തര നയം പരാജയമാണെന്ന് കെ.കെ രമ

തിരുവനന്തപുരം : ആഭ്യന്തരവകുപ്പിന്റെ കഴിഞ്ഞകാലത്തെ വീഴ്ചകള്‍ സഭയില്‍ ഓര്‍മ്മിപ്പിച്ച് വടകര എം.എല്‍.എ കെ.കെ രമ. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രമയുടെ വിമര്‍ശനങ്ങള്‍. കഴിഞ്ഞ സര്‍ക്കാറിന്റെ ആഭ്യന്തര നയം പരാജയമാണെന്നും കസ്റ്റഡി കൊലപാതകങ്ങള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, കുഞ്ഞുങ്ങള്‍ വരെ പീഡിപ്പിക്കപ്പെട്ട സംഭവങ്ങള്‍ എന്നിവയുടെ അന്വേഷണങ്ങള്‍ പോലും അട്ടിമറിക്കപ്പെട്ടുവെന്നും കെ കെ രമ ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരില്‍ അപമാനകരമായ നിരവധി സംഭവങ്ങളുടെ ഘോഷയാത്രയുണ്ടായി. ഈ സര്‍ക്കാരും അതേ പൊലീസ് നയമാണോ സ്വീകരിക്കുന്നതെന്നും അവര്‍ ചോദിച്ചു.കിഫ്ബി കേരളത്തെ വന്‍ കടക്കെണിയിലേക്ക് തള്ളുന്നതാണ്. ഇതൊരു വായ്പാ കെണിയാണെന്ന് തുറന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഭിപ്രായപ്പെട്ട എം എല്‍ എ നയപ്രഖ്യാപനത്തെ വഞ്ചനാപരമെന്നാണ് വിശേഷിപ്പിച്ചത്.