ജൂണ്‍ 16ന് കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി ഔദ്യോഗികമായി ചുമതലയേല്‍ക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വച്ച് ജൂണ്‍ 16ന് കെ സുധാകരന്‍ പുതിയ കെപിസിസി പ്രസിഡന്റായി ഔദ്യോഗികമായി ചുമതലയേല്‍ക്കും. കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളി അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഗ്രൂപ്പ് ഇനി കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് നടപ്പില്ലെന്നും സുധാകരന്‍ പറഞ്ഞു. ഗ്രൂപ്പിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാനാണ് നാളിതുവരെ ജംബോ കമ്മിറ്റി ഉണ്ടാക്കുന്ന രീതി നടപ്പാക്കി വന്നിരുന്നത്. അതിനി വേണ്ട. കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യം പരിഹരിക്കുമെന്നും, പാര്‍ട്ടിയെ ഒരു സെമി കേഡര്‍ സംവിധാനമാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ നടന്നുവരികയാണെന്നും കെ സുധാകരന്‍ വ്യക്തമാക്കുന്നു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ഉണ്ടായാല്‍ നിഷ്‌കരുണം അച്ചടക്ക നടപടിയുണ്ടാകുമെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കുന്നു.അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ അനുഗ്രഹമാണ് കൊവിഡ്. കൊവിഡ് പ്രതിരോധത്തെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുകയായിരുന്നു അദ്ദേഹമെന്നും കൊലക്കേസ് പ്രതിയായ പിണറായിക്ക് മുഖ്യമന്ത്രി ആകാമെങ്കില്‍ സിപിഎമ്മിന് കുഞ്ഞനന്തന്റെ ചരമദിനം ആചരിക്കുന്നതില്‍ തെറ്റില്ലെന്നും സുധാകരന്‍ പരിഹസിച്ചു. അദാനി പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലെത്തി സിപിഎമ്മിന് കള്ളപ്പണം കൈമാറിയെന്ന ആരോപണവും സുധാകരന്‍ ആവര്‍ത്തിച്ചു.