ഇന്ത്യയിലെ കോവിഡ് വ്യാപനം : ഏറെ ആശങ്കപ്പെടുത്തുന്നുവെന്ന് ലോകാരോഗ്യസംഘടന

ജനീവ : ഇന്ത്യയിലെ കോവിഡ് വ്യാപനം ഏറെ വ്യാകുലപ്പെടുത്തുന്നുവെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഇന്ത്യയിലെ കോവിഡ് സാഹചര്യം നേരിടാന്‍ ഡബ്ല്യൂഎച്ച്ഒയും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനകം ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റേര്‍സ്, മൊബൈല്‍ ഫീല്‍ഡ് ഹോസ്പിറ്റല്‍ ടെന്റുകള്‍, മാസ്‌ക് തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചുവെന്നും നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളും മരണ നിരക്കും ഉയര്‍ന്ന അളവില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസത്തെ മീഡിയാ ബ്രീഫിങ്ങില്‍ ടെഡ്രോസ് അദാനോം പറഞ്ഞു.നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, കൊളംബിയ, തായ്‌ലന്റ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് കേസുകളുയരുന്നുണ്ട്.
അതേസമയം ഇന്ത്യയില്‍ കോവിഡ് രോഗ മുക്തരായവരുടെ എണ്ണം രണ്ട് കോടി കടന്നു. 2,00,79,599 പേരാണ് രോഗമുക്തി നേടിയത്. 83.50% ആണ് ദേശിയ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,44,776 പേര്‍ രോഗ മുക്തരായി. കഴിഞ്ഞ നാല് ദിവസങ്ങളില്‍, മൂന്ന് ദിവസവും രോഗമുക്തി നേടിയവരുടെ എണ്ണം പുതിയ രോഗബാധിതരേക്കാള്‍ കൂടുതലായിരുന്നു. രാജ്യത്ത് വിതരണം ചെയ്ത വാക്‌സിന്‍ ഡോസുകളുടെ ആകെ എണ്ണം 18 കോടിയോട് അടുക്കുന്നു.മൂന്നാംഘട്ട വാക്‌സിനേഷന്‍ യജ്ഞം പുരോഗമിക്കുകയാണ്.