ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി ഗോത്രവംശജ ചഞ്ചല കുമാരി

റാഞ്ചി: ഝാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി ഗോത്രവംശജ ചഞ്ചല കുമാരി.കായികതാരവും ഝാര്‍ഖണ്ഡ് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് പ്രൊമോഷന്‍ സൊസൈറ്റിയുടെ (ജെഎസ്എസ്പിഎസ്) കേഡറ്റുമാണ് 14 കാരിയായ ചഞ്ചല കുമാരി.
നരേന്ദ്രനാഥ് പഹാന്‍ എന്ന ചെറുകിട കര്‍ഷകന്റെ മകളായ ചഞ്ചല നാല് മക്കളില്‍ മൂന്നാമത്തെയാളാണ്. അന്താരാഷ്ട്ര മത്സരരംഗത്ത് രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ അതീവ സന്തുഷ്ടയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചഞ്ചല കുമാരി പറഞ്ഞു.

ലോക്ക്ഡൗണുകള്‍ കായിക താരങ്ങള്‍ക്ക് ഒട്ടേറെ ദോഷം ചെയ്തുവെന്ന് ചഞ്ചല കുമാരി പറയുന്നു. ദാരിദ്ര്യം കാരണം മതിയായ ഭക്ഷണവും ലഭിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ ക്രമേണ, ജെഎസ്എസ്പിഎസ് ഉദ്യോഗസ്ഥരും പരിശീലകരും തന്നെ പിന്തുണയ്ക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിക്കുകയും ചെയ്തു- ചഞ്ചല കുമാരി പറയുന്നു.40 കിലോഗ്രാം സബ് ജൂനിയര്‍ വിഭാഗത്തിലാണ് ചഞ്ചല രാജ്യത്തെ പ്രതിനിധീകരിക്കുന്നത്.