സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ സ്വന്തം കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം : സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ സ്വന്തം കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിച്ച് മാതൃകയാകണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. തിരുവനന്തപുരം പട്ടം ഗവ.മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സയന്‍സ് ലാബിന്റെയും സ്‌കൂള്‍ വെബ്സൈറ്റിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് ആകര്‍ഷണീയമാകുന്ന തരത്തില്‍ ക്രമീകരിക്കണമെന്നും ദേശീയതലത്തില്‍തന്നെ ഉന്നത വിജയം കരസ്ഥമാക്കാന്‍ കേരളത്തിലെ കുട്ടികളെ പ്രാപ്തരാക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.