തിരുവനന്തപുരം: ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയൊഴിവാക്കാനും സംസ്ഥാനത്തെല്ലാവര്‍ക്കും ഭവനമെന്ന ലക്ഷ്യം കൈവരിക്കാനുമുളള പദ്ധതികള്‍ നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം. അഞ്ച് വര്‍ഷം കൊണ്ട് ദാരിദ്യം ലഘൂകരിക്കാനുള്ള നടപടികളും വിശദ സര്‍വേ നടത്താനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും തദ്ദേശസ്വയംഭരണ വകുപ്പിന്റെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
സ്മാർട്ട് കിച്ചൻ പദ്ധതിക്ക് രൂപം നൽകാൻ ചീഫ്സെക്രട്ടറി, തദ്ദേശ സ്വയംഭരണ സെക്രട്ടറി, വനിതാ- ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.
മറ്റ് തീരുമാനങ്ങൾ:
സർക്കാർ സേവനങ്ങൾ ഓൺലൈനായി വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം.
ഐ.ടി സെക്രട്ടറി, ഐ.ടി വിദഗ്ദ്ധർ എന്നിവരടങ്ങിയ സമിതി ഈ പദ്ധതിക്ക് അന്തിമരൂപം നൽകും.
ഇ- ഓഫീസ്, ഇ- ഫയൽ സംവിധാനങ്ങൾ കൂടുതൽ വിപുലമാക്കാനുള്ള പദ്ധതിക്കായി സമിതി.
വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് ഏകജാലക സംവിധാനം.
ഗ്രീവൻസ് റിഡ്രസ്സൽ കമ്മിറ്റി പ്രാബല്യത്തിലാക്കും. ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥന് ചുമതല.
ഇതിനായി പ്രത്യേക നിയമനിർമ്മാണം. നിയമത്തിന്റെ കരട് പരിശോധിക്കാൻ ഉദ്യോഗസ്ഥതല സമിതി.

