മുകേഷിനെ വിമര്‍ശിച്ച് ഡോക്ടര്‍ ബിജു

അടൂര്‍: നടനും എംഎല്‍എയുമായ മുകേഷിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ഡോക്ടര്‍ ബിജു. സഹായം തേടി വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബിജുവിന്റെ വിമര്‍ശനം. ഫേ്‌സ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് അദ്ദേഹം വിമര്‍ശനങ്ങളുന്നയിച്ചത്.

ഡോക്ടര്‍ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ജനാധിപത്യ ബോധം എന്താണ് എന്നതും, ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണം എന്നതും എം എല്‍ എ മാരെ പഠിപ്പിക്കുന്ന ഒരു സെഷന്‍ നിയമസഭയില്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഇത്തരം ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരില്‍ ചുമക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കരുത്. പൊതുജനങ്ങളോട് ഇടപെടേണ്ടത് എങ്ങനെയാണ് എന്ന കാര്യത്തില്‍ സാമാന്യ ബോധം ഇല്ലെങ്കില്‍ നിയമസഭയോ അല്ലെങ്കില്‍ അവരെ എം എല്‍ എ ആക്കിയ പാര്‍ട്ടിയോ അവര്‍ക്ക് ഒരു ഓറിയെന്റേഷന്‍ ക്ലാസ്സ് നല്‍കുന്നത് നന്നായിരിക്കും. ശമ്പളവും യാത്ര ബത്തയും അലവന്‍സും ഒക്കെ വാങ്ങുന്നത് പൊതുജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണ്. അപ്പോള്‍ ഏത് ജില്ലയില്‍ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണം. അതിന് സാധ്യമല്ലെങ്കില്‍ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുത്.