ന്യൂഡൽഹി: മുതിർന്ന നേതാവ് കമൽനാഥ് കോൺഗ്രസ് അദ്ധ്യക്ഷൻ ആയേക്കുമെന്ന് റിപ്പോർട്ട്. സോണിയാഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുമെന്നും കമൽനാഥിനെ ഇടക്കാല പ്രസിഡന്റാക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയ നേതാക്കളുമായി കമൽനാഥ് ചർച്ച നടത്തിയതായാണ് വിവരം.
പാർലമെന്റിന്റെ വർഷകാല സമ്മേളനം കഴിഞ്ഞ് കോൺഗ്രസ് പ്രവർത്തകസമിതി യോഗം ചേരുമെന്നും പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നുമാണ് സൂചനകൾ. ലോകസഭാ തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയതോടെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ സ്ഥാനം രാഹുൽ ഗാന്ധി രാജിവെയ്ക്കുന്നത്. പിന്നീട് സോണിയാ ഗാന്ധി പാർട്ടിയുടെ താത്ക്കാലിക അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ കാരണം സോണിയാ ഗാന്ധിയ്ക്ക് പാർട്ടിയിൽ സജീവമായി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. മുഴുവൻ സമയ അദ്ധ്യക്ഷനെ വേണമെന്ന ആവശ്യം ഏറെ കാലമായി കോൺഗ്രസിനുള്ളിൽ ശക്തമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ സോണിയാ ഗാന്ധിയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.
മൻമോഹൻ സിങ് മന്ത്രിസഭയിൽ നഗരവികസന മന്ത്രിയായിരുന്നു കമൽനാഥ്. 2002 ൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട കമൽനാഥ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരിൽ ഒരാളാണ്. 16-ാം ലോക്‌സഭയിൽ പ്രോടേം സ്പീക്കറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2018 ഡിസംബറിൽ മധ്യപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും സത്യപ്രതിജ്ഞ ചെയ്ത് 15 മാസങ്ങൾക്ക് ശേഷം അദ്ദേഹത്തിന് സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു.

