മരംകൊള്ള : വെട്ടിലായി സിപിഐ

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് റവന്യൂ-വനം വകുപ്പുകളുമായി ബന്ധപ്പെട്ട ഉത്തരവിന്റെ മറവിലുണ്ടായ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതോടെ പ്രതിരോധത്തിലായി സിപിഐ. കഴിഞ്ഞ മന്ത്രിസഭയിലെ സിപിഐ കൈകാര്യം ചെയ്ത വകുപ്പുകളാണ് ഇവ. വിഷയം വഷളായതോടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ റവന്യൂ മന്ത്രി കെ രാജനെയും മുന്‍ റവന്യൂ മന്ത്രി ചന്ദ്രശേഖരനെയും വിളിച്ച് വരുത്തി. ഇരുവരും എംഎന്‍ സ്മാരകത്തില്‍ എത്തി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി.

ബിനോയ് വിശ്വം എംപിയും സ്ഥലത്തെത്തി. റവന്യൂ ഉത്തരവിനെ ഉദ്യോഗസ്ഥര്‍ ദുര്‍വ്യാഖ്യാനം ചെയ്‌തെന്നാണ് സിപിഐ മന്ത്രിമാര്‍ നിലപാടെടുത്തിരുന്നത്.2019 ലാണ് പട്ടയഭൂമിയില്‍ മരം മുറിക്കാന്‍ അനുമതി നല്‍കാന്‍ വനം-റവന്യൂ മന്ത്രിമാരുടെ തീരുമാനം ഉണ്ടായത്.2020 ഏപ്രില്‍സര്‍ക്കുലറില്‍ അവ്യക്തതയുണ്ടെന്ന് കളക്റ്റര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് 2020 ഒക്ടോബര്‍ 24 റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലക് പുതിയ ഉത്തരവ് ഇറക്കി. മരം മുറി തടഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് ഇതില്‍ മുന്നറിയിപ്പും ഉണ്ടായിരുന്നു. അതിന്റെ മറവിലാണ് മരംകൊള്ള തുടങ്ങിയത്.