കുമരകം : കോവിഡ് വീണ്ടും ആഞ്ഞടിക്കുന്നതോടെ ടൂറിസവും അതിനെ ആശ്രയിച്ച് ജീവിക്കുന്ന കച്ചവടക്കാരുടെ വരുമാനത്തിലും വന്‍ പ്രതിസന്ധി. രണ്ടാം ഘട്ടം കോവിഡ് വ്യാപനത്തോടെ ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും പ്രവര്‍ത്തനം ഭാഗികമാക്കി. പച്ചക്കറി, ഇറച്ചി, പാല്‍, മുട്ട, മത്സ്യം, പലചരക്ക് തുടങ്ങിയ മേഖലകളിലും കച്ചവടം കുറഞ്ഞു.
കുമരകത്തെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും നാട്ടുകാരായ നിരവധി വനിതകളാണ് തൊഴില്‍ ചെയ്ത് ഉപജീവനം നടത്തിയിരുന്നത്. ഇവര്‍ക്ക് രണ്ടാഴ്ച കൊണ്ട് ഒന്നര ലക്ഷം രൂപ നഷ്ടമായി. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായുള്ള സമൃദ്ധി നാടന്‍ ഭക്ഷണ ശാലയില്‍ ജോലി 8 പേര്‍ ജോലി ചെയ്തിരുന്നു.
വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികളെ ഗ്രാമീണ ജീവിത രീതികളും തൊഴിലും കാണിച്ചു ഇതില്‍ നിന്നു കിട്ടുന്ന വരുമാനവും നിലച്ചു. 2 ഗൈഡ് ഉള്‍പ്പെടെ 8 പേരാണു പാക്കേജിന്റെ ഭാഗമായി ജോലി ചെയ്തിരുന്നത്. ഓല മെടയല്‍, കയര്‍പിരിക്കല്‍, നാടന്‍ ചമ്മന്തി തയാറാക്കല്‍, കരിക്ക് വെട്ടല്‍ തുടങ്ങിയ ജോലികളിലൂടെ ആണ് ഇവര്‍ വരുമാനം നേടിയിരുന്നത് വിനോദ സഞ്ചാരികളുടെ വരവ് കാര്യമായി പ്രതീക്ഷിക്കാത്ത സാഹചര്യത്തില്‍ മുന്നോട്ട് ജീവിക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവര്‍.