കോവിഡ് മൂന്നാംതരംഗത്തെ നേരിടാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തെ നേരിടാനായി കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് സുപ്രിംകോടതി. ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ അത്യാവശ്യമാണെന്നും , മൂന്നാം തരംഗത്തെ മറികടക്കാന്‍ രാജ്യത്തിന് സാധിക്കുമെന്നും ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും എംആര്‍ ഷായും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയാല്‍ മാതാപിതാക്കളും ഒപ്പം കാണും. അതുകൊണ്ട് ഇത്തരക്കാര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ എംബിബിഎസ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് കാത്തിരിക്കുന്ന ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ഡല്‍ഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയിലെ തുടര്‍നടപടികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.ഡല്‍ഹിക്ക് ആവശ്യമായ ഓക്‌സിജന്‍ നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച മാനദണ്ഡം പുനപരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.