ന്യൂഡൽഹി: റഷ്യൻ വാക്സിനായ സ്പുട്നിക് V നിർമ്മിക്കാനൊരുങ്ങി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്സിൻ നിർമ്മാതക്കളായ സെപ്റ്റംബർ മുതലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്പുട്‌നിക് V വാക്‌സിൻ നിർമ്മിക്കുന്നത്. റഷ്യൻ നിർമ്മാതാക്കളായ ആർഡിഐഎഫാണ് ഇക്കാര്യം അറിയിച്ചത്. പ്രതിവർഷം 30 കോടി ഡോസ് വാക്സിൻ നിർമ്മിക്കാനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതിയിടുന്നതെന്ന് ആർഡിഐഎഫ് അറിയിച്ചു.
സ്പുട്‌നിക് V വാക്‌സിൻ നിർമ്മിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാലെ വ്യക്തമാക്കി. കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രാജ്യാന്തര സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏപ്രിൽ 13 നാണ് സ്പുട്‌നിക് വാക്‌സിന്റെ ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. ഗമേലയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്സിന് കോവിഡ് വൈറസിനെതിരെ 91.6 ശതമാനം ഫലപ്രാപ്തിയുണ്ട്.

