ഐ.സി.എസ്​.ഇ പത്താം തരം പരീക്ഷ റദ്ദാക്കി ;പന്ത്രണ്ടാം ക്ലാസ് പരീക്ഷ പിന്നീട് നടത്തും

ന്യൂഡൽഹി: ഐ.സി.എസ്​.ഇ പത്താം തരം പരീക്ഷ റദ്ദാക്കാൻ കൗൺസിൽ ഫോർ ഇന്ത്യൻ സ്​കൂൾ സർട്ടിഫിക്കേഷൻ എക്​സാമിനേഷന്‍റെ(സി.ഐ.എസ്​.സി.ഇ) തീരുമാനം. ഇതു സംബന്ധിച്ച്​ തിങ്കളാഴ്ച ഉത്തരവിറക്കിയതായി കൗൺസിൽ ചീഫ്​ എക്​സിക്യൂട്ടീവ്​ അറിയിച്ചു. കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്​ നടപടി.എന്നാല്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പിന്നീട് നടത്തും. ഏപ്രില്‍ 16 ലെ സര്‍ക്കുലറില്‍ നല്‍കിയിരുന്ന ഓപ്ഷനുകള്‍ പിന്‍വലിച്ചുവെന്നും ബോര്‍ഡ് അറിയിച്ചു. 11-ാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിക്കാന്‍ എല്ലാ സ്‌കൂളുകള്‍ക്കും ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എത്രയും പെട്ടെന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കണമെന്നും നിര്‍ദേശിച്ചു. പത്താം ക്ലാസ് പരീക്ഷ മേയ് 5-നും 12-ാം ക്ലാസ് പരീക്ഷ ഏപ്രില്‍ എട്ടിനും ആരംഭിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇരുപരീക്ഷകളും മാറ്റിവയ്ക്കുകയായിരുന്നു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നേരത്തേ റദ്ദാക്കിയിരുന്നു.അതെസമയം വിദ്യാർഥികളുടേയും അധ്യാപകരുടേയും സുരക്ഷയാണ്​ പ്രധാനമെന്ന്​ കൗൺസിൽ പുറത്തിറക്കിയ പുതിയ സർക്കുലറിൽ പറയുന്നു.